വേനപ്പാറ ഇടവക ഒറ്റനോട്ടത്തിൽ
നാമധേയം : തിരുക്കുടുംബം
സ്ഥാപനം : 1953
ആദ്യവികാരി : റവ. ഫാദർ തിയോഫിൽ സി. എം.ഐ
വേനപ്പാറയുടെ ശില്പി : റവ. ഫാദർ അന്തോണിനൂസ് സി.എം
കുടുബങ്ങൾ : 309
വാർഡുകൾ : 8
കുടുംബ യൂണിറ്റുകൾ : 25
ഭക്ത സംഘടനകൾ :
1. സെന്റ്.വിൻസന്റ്റ് ഡി പോൾ സൊസൈറ്റി
2. മാതൃവേദി
3. കെ.സി.വൈ.എം
4. ഏ.കെ.സി.സി.
5. ആൾത്താര സംഘം
6. മിഷൻ ലീഗ്
7. മദ്യവിരുദ്ധ സമിതി
8. പാലിയേറ്റീവ് കെയർ
9. ഡി.എഫ്.സി

സ്ഥാപനങ്ങൾ

1. ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്‌കൂൾ
2. ഹോളി ഫാമിലി ഹൈസ്‌കൂൾ
3. ലിറ്റിൽ ഫ്ളവർ യു.പി സ്‌കൂൾ
4. സെ. ആൻ്റണീസ് കോൺവെന്റ്
5. സെ. മേരീസ് കോൺവെന്റ്റ്
6. മിഷൻ സിസ്റ്റേഴ്‌സ് ഓഫ് അജ്‌മീർ
7. CAMP (മാനസികാരോഗ്യ കേന്ദ്രം)
8. ഡയാലിസിസ് സെൻ്റർ

കുരിശു പള്ളികൾ

1.മലമുകളിലെ കുരിശുപള്ളി
2.വേനപ്പാറ ടൗൺ
3.പെരിവില്ലി
4.കാട്ടുമുണ്ട
5.ശാന്തിനഗർ

ഇടവകയെ നയിച്ച വികാരിമാർ

1. ഫാ. തിയോഫിൻ സി.എം.ഐ
1953- ആദ്യ മൂന്നുമാസം

2. ഫാ. റോഡ്രിഗസ്സ് സി.എം.ഐ
1953-ആദ്യ ആറുമാസം

3. ഫാ അന്തോണിനൂസ് സി.എം.ഐ
1953 മുതൽ 1968 വരെ

4. ഫാ സഖറിയാസ് കട്ടക്കൽ
1968 മുതൽ 1971 വരെ

5. ഫാ. ജോസഫ് മുണ്ടന്താനം
1971 മുതൽ 1975 വരെ

6. ഫാ. തോമസ് പുറത്തേമുതുകാട്ടിൽ
1975 മുതൽ 1976 വരെ

7. ഫാ. സഖറിയാസ് വള്ളോപ്പിള്ളി
1976 മുതൽ 1978 വരെ

8. ഫാ ജോസഫ് അരഞ്ഞാണിപുത്തൻപുര
1978 മുതൽ 1985 വരെ

9. ഫാ. ഫ്രാൻസീസ് കള്ളിക്കാട്ട്
1985 മുതൽ 1989 വരെ

10. ഫാ സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ
1989 മുതൽ 1995 സെബാസ്റ്റ്യൻ

11. ഫാ ജെയിംസ് മുണ്ടക്കൽ
1995 മുതൽ 1999 വരെ

12. ഫാ ജോർജ്ജ് പരുത്തപ്പാറ
1999 മുതൽ 2002 വരെ

13. ഫാ മാത്യു കണ്ടശ്ശാംകുന്നേൽ
2002 മുതൽ 2005 വരെ

14. ഫാ തോമസ് നാഗപറമ്പിൽ
2005 മുതൽ 2006 വരെ

15. ഫാ ജോസഫ് മൈലാടൂർ
2006 മുതൽ 2010 വരെ

16. ഫാ ആന്റണി പുരയിടം
2010 മുതൽ 2017 വരെ

17. ഫാ ജോൺസൺ പാഴുക്കുന്നേൽ
2017 മുതൽ 2020

18. ഫാ. സൈമൺ കിഴക്കെക്കുന്നേൽ
2020 മുതൽ 2024 വരെ

19. ഫാ. സ്കറിയ മങ്ങരയിൽ
2024 മുതൽ തുടരുന്നു

ഇടവകയിൽ സേവനം ചെയ്‌ത സഹവികാരിമാർ

1. ഫാ ജോസഫ് കരിനാട്ട്
2. ഫാ. ജോൺ കളരിപ്പറമ്പിൽ
3. ഫാ റെജി വള്ളോപ്പിള്ളിൽ
4. ഫാ. സിബി പുളിക്കൽ
5. ഫാ. മാത്യു നിരപ്പേൽ
6. ഫാ. സിബി മറ്റത്തിൽ
7. ഫാ. തോമസ് കളരിക്കൽ
8. ഫാ. ഫിലിപ്പ് പ്ലാത്തോട്ടം
9. ഫാ. വിൻസന്റ്റ് കറുകമാലിൽ
10. ഫാ. മിൽട്ടൻ മുളങ്ങാശ്ശേരി
11. ഫാ. പ്രവീൺ അരഞ്ഞാണിഓലിക്കൽ
12. ഫാ മാറ്റസ് കോരങ്കോട്ട്
13. ഫാ. പീറ്റർ മുരിക്കനോലിക്കൽ
14. ഫാ. അമൽ കൊച്ചുകൈപ്പേൽ
15. ഫാ. ഡാന്റീസ് കിഴക്കരക്കാട്ട്
16. ഫാ. ജോമോൻ പാട്ടശ്ശേരിയിൽ
17. ഫാ. ഷിജു ചെമ്പുതുക്കിൽ
18. ഫാ ജോർജ്ജ് വെള്ളാരം കാര മലയിൽ
19. ഫാ. ബോബി മഴുവഞ്ചേരി
20. ഫാ ജോജോ എടക്കാട്
21. ഫാ. മെൽവിൻ വെള്ളക്കാകുടിയിൽ
22. ഫാ. അനിൽ ചേന്ദംകുളം
23. ഫാ. ജയ്‌സൺ കാരക്കുന്നേൽ

ചരിത്രമുറങ്ങുന്ന വേനപ്പാറ ,ഒരു തിരിഞ്ഞുനോട്ടം

വിദേശ സഞ്ചാരിയും പാശ്ചാത്യ നാവികനുമായിരുന്ന വാസ്കോ ഡ ഗാമ യുടെ പാദസ്‌പർശമേറ്റ ചരിത്രമുറങ്ങുന്ന കോഴിക്കോട് പട്ടണത്തിൽ നിന്നും 38 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ശാലീന സുന്ദരവും പ്രകൃതി രമണീയവുമായ ഒരു ഭൂപ്രദേശമാണ് വേനപ്പാറ. മലയോര കുടിയേറ്റ മേഖലയുടെ കവാടമെന്ന് വിശേഷിപ്പിക്കാവുന്ന വേനപ്പാറ കുടത്തായ്, നീലേശ്വരം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു. മധ്യതിരുവിതാംകൂറിൽ നിന്ന് ഫലഭൂയിഷ്ഠമായ മണ്ണുതേടി 1926 മുതൽ മലബാറിലേക്ക് കുടിയേറ്റമുണ്ടായെങ്കിലും 1944 കളിലാണ് വേനപ്പാറയിൽ കുടിയേറ്റം ആരംഭിച്ചത്. 1950 ആയപ്പോഴേക്കും കുടിയേറ്റം ത്വരിതഗതിയിലാവുകയും ധാരാളം ആളുകൾ എത്തുകയും ചെയ്‌തു മലമ്പനിയുടെയും കാട്ടുമൃഗങ്ങളുടെയും വർധിച്ച ശല്യവും ആത്മീയ ആവശ്യങ്ങൾക്കുള്ള അസൗകര്യവും കുടിയേറ്റക്കാരെ ഏറെ വിഷമിപ്പിച്ചിരുന്നു. ആദ്യകാല കുടിയേറ്റ കർഷകർ, ദൈവത്തിൽ ആഴമായി വിശ്വാസമർപ്പിച്ച് നിശ്ചയദാർഢ്യത്തോടെ ചഞ്ചലചിത്തരാകാതെ കാട്ടുമൃഗങ്ങളോടും മലമ്പനിയോടും മല്ലടിച്ച് കാടിനെ നാടാക്കി മാറ്റാൻ കഠിനാദ്ധ്വാനം ചെയ്‌തു കനകം വിളയിച്ചു. അവരുടെ മക്കൾക്ക് ദൈവവിശ്വാസത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പാഠങ്ങൾ പഠിപ്പിച്ചു കൊടുത്ത വൈദികർ ഇന്നും വേനപ്പാറ ജനതയുടെ ഓർമ്മകളിൽ തെളിഞ്ഞു നില്ക്കുന്നു. അവരുടെ നേതൃത്വവും കർമ്മ ധീരതയും കുടിയേറ്റ ജനതയെ എതു പ്രതികൂല സാഹചര്യങ്ങളിലും വെല്ലുവാൻ കഴിവുള്ളവരാക്കി. വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത അക്കാലത്ത് കുടിയേറ്റ ജനതയ്ക്ക് അത്താണി വൈദികർ മാത്രമായിരുന്നു

ആദ്യകാലങ്ങളിൽ അദ്ധ്യാത്മിക ആവശ്യങ്ങൾ നിറവേറ്റുവാൻ കൂടത്തായ്, നീലേശ്വരം, തിരുവമ്പാടി എന്നീ പള്ളികളെയാണ് വേനപ്പാറക്കാർ ആശ്രയിച്ചു വന്നത്. സ്വന്തമായി ഒരു പള്ളിയും പട്ടക്കാരനെയും സ്വപ്‌നം കണ്ടിരുന്ന വേനപ്പാറയിൽ 1946-ൽ കുഴിപ്പിൽ മത്തായിയുടെ പറമ്പിൽ ഒരു പലകയിട്ട് ബഹു ജെയിംസ് മൊന്തനാരിയച്ചൻ ദിവുബലിയർപ്പിച്ചു. ഇതാണ് വേനപ്പാറയിലെ പ്രഥമ ദിവ്യബലി. തുടർന്ന് വേനപ്പാനപ്പാറക്കാർ കോഴിക്കോട് രൂപതാദ്ധ്യക്ഷനെ സമീപിച്ച് പള്ളിക്കായി നിവേദനം നൽകി. അക്കാലത്ത് വിവിധ ഭാഗങ്ങളിൽ നിന്നായി ഉണ്ടായ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് വേനപ്പാറയിൽ തന്നെ പള്ളി പണിയുവാൻ കോഴിക്കോട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ആൽഫ്രഡ് മരിയ പത്രോണി പിതാവ് കൽപ്പന പുറപ്പെടുവിക്കുകയും ചെയ്‌തു. പള്ളി നിർമ്മിക്കു ന്നതിനായി ബഹു: കെറുബിനച്ചനെ പിതാവ് ചുമതലപ്പെടുത്തുകയും ചെയ്തു‌. അതനുസരിച്ച് അച്ചനാണ് പള്ളിക്കും, പള്ളിമുറിക്കും സ്ഥാനം നിശ്ചയിച്ചത്.

വേനപ്പാറയുടെ പ്രഥമ വികാരിയായി ഫാ തിയോഫിൻ സി.എം.ഐ ചാർജെടുത്തു. തലശ്ശേരി രൂപത പിറവിയെടുത്ത 1953 കാലഘട്ടത്തിൽ ഫാ അന്തോണിനൂസ് സി.എം.ഐ-യെ വികാരിയായി നിയമിച്ചു . ക്രാന്തദർശിയായ അച്ചന്റെ നിസ്തുലവും നിസ്വാർത്ഥവുമായ സേവനങ്ങളാണ് വേനപ്പാറയുടെ മുഖച്ഛായമാറ്റി പുരോഗതിയുടെ പാത തുറക്കാൻ ഇടയാക്കിയത്. ഗതാഗത സൗകര്യത്തിനായി ഓമശ്ശേരി-വേനപ്പാറ,മൈക്കാവ് റോഡടക്കം നിരവധി റോഡുകൾ നിർമ്മിച്ചു. പൊതു പണിയിലൂടെ സൗജന്യ സേവനം ചെയ്‌താണ് നിരത്തുകൾ നിർമ്മിച്ചത്. ബഹു. ഹാഡ്രിയാനച്ചൻ്റെ പ്ലാൻ പ്രകാരം തിരുക്കുടുംബത്തിൻ്റെ നാമത്തിൽ കുരിശാകൃതിയിലൊരു മനോഹര ദേവാലയം നിർമ്മിച്ചു. പള്ളിയോടു ചേർന്ന് വൈദിക മന്ദിരമുണ്ടാക്കി. എൽ.പി സ്‌കൂളിനു തുടക്കമിട്ടു. മദർ മേരി തേവടി എഫ് സി. സി യുടെ നേതൃത്വത്തിൽ ക്ലാര മഠം സ്ഥാപിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം യു.പി സ്‌കൂളായി ഉയർത്തപ്പെട്ട സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു. പോസ്റ്റാഫീസ് അനുവദിച്ചു കിട്ടി. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കു ന്നതിന് സഹകരണ ബാങ്ക് സ്ഥാപിച്ചു. ബഹു. അന്തോണിനുസച്ചൻ തന്നെയായിരുന്നു പ്രഥമ ഡയറക്‌ടർ. അനാഥരായ കുട്ടികൾക്കായി രണ്ട് അനാഥ ശാലകൾ സ്ഥാപിക്കുകയും പെൺകുട്ടികളുടെ അനാഥ ശാലയുടെ ചുമതല ക്ലാര മഠം സിസ്റ്റേഴ്‌സിനെ എല്‌പിക്കുകയും ചെയ്‌തു. രോഗികളെ ചികിത്സിക്കാൻ ഹോമിയോ ക്ലനിക്കും തുടങ്ങി. വിഷക്കല്ലുകൾ നിർമ്മിച്ച് വിഷ ചികിത്സയും നടത്തി. പുതു ഞായർ ആചരണത്തിനായി പൂവ്വമ്പ്ര മലയിൽ കുരിശ് സ്ഥാപിച്ചു. ഒരു നല്ല കർഷകൻ കൂടിയായിരുന്ന ബഹു. അച്ചൻ പള്ളിക്കും അനാഥ ശാലകൾ ക്കുമായി മുപ്പത് ഏക്കറോളം സ്ഥലം വാങ്ങി ദേഹണ്ഡങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തു.

വേനപ്പാറയിലെ തന്റെ പതിനഞ്ച് വർഷക്കാലത്തെ പ്രവർത്തനമികവിലൂടെ നാനാ ജാതി മതസ്ഥരുടെ സ്നേഹ ബഹുമാന ആദരവുകൾ സ്വീകരിച്ചുകൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച് വേനപ്പാറയുടെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു. വേനപ്പാറയുടെ ശില്‌പിയായ ബഹു: അന്തോണിനുസച്ചൻ കൂടത്തായിലേക്ക് സ്ഥലം മാറിപ്പോകുകയും ചെയ്‌തു.

തുടർന്നു വന്ന ഫാ സഖറിയാസ് കട്ടക്കൽ യു.പി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുകയും ഫാ ജോസഫ് മുണ്ടന്താനം പള്ളിയുടെ മുഖവാരം പണിയുകയും, ഫാ തോമസ് പുറത്തെമുതുകാട്ടിലച്ചൻ യു.പി സ്‌കൂളിന്റെ ഗ്രൗണ്ട് വലുതാക്കുകയും, ഫാ. സഖറിയാസ് വള്ളോപ്പിള്ളി വേനപ്പാറയിൽ പള്ളിക്കു വേണ്ടി പീടിക മുറികളും, കുരിശു മലയിൽ കുരിശു പള്ളി നിർമ്മിക്കുകയും ചെയ്‌തു. തുടർന്ന് വികാരിയായി വന്ന ഫാ. ജോസഫ് അരഞ്ഞാണിപുത്തൻപുര അച്ചന്റെ കാലത്താണ് വേനപ്പാറയിൽ വൈദ്യുതി എത്തിച്ചത്. ഇരു നില കെട്ടിടം നിർമ്മിച്ച് ഹൈസ്‌കൂൾ സ്ഥാപിക്കുകയും അനാഥശാലക്കായി വേനപ്പാറയിൽ പീടിക മുറികൾ നിർമ്മിക്കുകയും ,പള്ളിയുടെ മദ്ബഹ മോടിപിടിപ്പിക്കുകയും ശാന്തിനഗറിൽ സ്ഥലം വാങ്ങി കുരിശു പള്ളി സ്ഥാപിക്കുകയും ചെയ്‌തു. പിൻഗാമിയായിവന്ന ഫാ. ഫ്രാൻസീസ് കള്ളിക്കാട്ട് പള്ളിമുറി നവീകരിക്കുകയും, മണിമാളിക പണിയുകയും ചെയ്‌തു. തുടർന്ന് വികാരിയായി വന്ന ഫാ. സെബാസ്റ്റ്യൻ കാഞ്ഞിക്കൊട്ടുകുന്നേൽ വേനപ്പാറയ്ക്ക് അദ്ധ്യാത്മിക നവോത്ഥാനം ഉണ്ടാക്കി. കാർഷിക മേഖലക്ക് ഊന്നൽ നൽകി പ്രവർത്തിച്ച അച്ഛൻ യു.പി സ്‌കൂൾ കെട്ടിടം പുതുക്കി പണിയുകയും ഗ്രൗണ്ട് വിപുലപ്പെടുത്തുകയും ജലക്ഷാമം പരിഹരിക്കാൻ കുളങ്ങൾ നിർമ്മിക്കുകയും ബാല ഭവനിലേക്കുള്ള റോഡ് ടാർ ചെയ്ത് മനോഹരമാക്കുകയും ചെയ്‌തു. തുടർന്നു വന്ന ഫാ. ജെയിംസ് മുണ്ടക്കൽ വചനാധിഷ്‌ഠിത അദ്ധ്യാത്മികതയ്ക്ക് അടിത്തറയിട്ടു. കല്ലറയുടെ പണി ആരംഭിച്ചു. ഹൈസ്‌കൂളിന് രണ്ട് ക്ലാസ് മുറികൾ നിർമ്മിച്ചു. പിന്നീട് ഇടവകയുടെ നേതൃത്യം ഏറ്റെടുത്ത, ഫാ. ജോർജ്ജ് പരുത്തപ്പാറ ആയിരുന്നു കല്ലറകളുടെ പണി അവസാന ഘട്ടത്തിലേക്ക് എത്തിച്ചത് ,പള്ളിക്ക് ജനറേറ്റർ വാങ്ങുകയും പള്ളി പരിസരം പൂന്തോട്ടത്താൽ മനോഹരമാക്കുകയും ,ഹൈസ്‌കൂൾ ഗ്രൗണ്ടിൻ്റെ നിർമ്മാണത്തിന് തുടക്കമിടുകയും ചെയ്‌തു. കൊച്ചു കുട്ടികളടക്കം എല്ലാവരെയും പേരുചൊല്ലി വിളിക്കുന്നതിനുള്ള ഓർമ്മ ശക്തി കൈമുതലായ അച്ചൻ എല്ലാവരുമായി നല്ല ആത്മബന്ധം പുലർത്തിയിരുന്നു .പിന്നീട് വികാരിയായ ഫാ. മാത്യു കണ്ടശ്ശാംകുന്നേൽ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, സ്‌മാരകമായി പള്ളിയുടെ മുമ്പിൽ മാതാവിൻ്റെ ഗ്രോട്ടോ നിർമ്മിക്കുകയും ചെയ്തു. 2002-ൽ മിഷൻ സിസ്റ്റേഴ്‌സ് ഓഫ് അജ്‌മീർ മഠം ആരംഭിക്കുകയും ചെയ്തു

2005 ൽ വികാരിയായ ഫാദർ തോമസ് നാഗപറമ്പിൽ പള്ളി മോടി കൂട്ടുകയും കല്ലറയുടെ പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്‌തു. ഒരു വർഷത്തെ സേവനത്തിനു ശേഷം അച്ചൻ വികാരി ജനറാളായി നിയമിക്കപ്പെട്ടു. പിന്നീട് വികാരിയായ ഫാ. ജോസഫ് മൈലാടൂർ ഇടവകയുടെയും, രൂപതയുടെയും എല്ലാ സ്‌പന്ദനങ്ങളും അറിഞ്ഞ് പ്രവർത്തിച്ച് ഇടവകയെ ഔന്ന്യത്യത്തിലേയ്ക്ക് നയിച്ചു. ആൺകുട്ടികളുടെ ഓർഫനേജിനായി ഇരുനില കെട്ടിടം നിർമ്മിക്കുകയും സെമിത്തേരിയിൽ ചാപ്പൽ പണി പൂർത്തീകരിക്കുകയും ചെയ്‌തു. പെരിവില്ലി അങ്ങാടിയിൽ പുതുതായി ഒരു കുരിശു പള്ളി നിർമ്മിക്കുകയും ചെയ്‌തു. ഹൈസ്‌കൂളിലേക്കുള്ള റോഡ് ടാർ ചെയ്ത് യാത്ര സുഗമമാക്കി. തുടർന്ന് ഫാ ആൻ്റണി പുരയിടത്തിൽ തലശ്ശേരി അതിരൂപതയിൽ നിന്ന് താമരശ്ശേരി രൂപതയിലേക്ക് സ്ഥലം മാറുകയും 2010 മെയ് മാസത്തിൽ വേനപ്പാറയിൽ വികാരിയായി ചുമതല എൽക്കുകയും ചെയ്‌തു. അച്ചനാണ് ഇപ്പോഴത്തെ പള്ളിയുടെ ഉപജ്ഞാതാവും നിർമ്മാതാവും. മുൻഗാമികളെല്ലാവരും തന്നെ ഈ ദൗത്യം എറ്റെടുക്കാൻ തയ്യാറാകാതെയിരുന്നപ്പോൾ നിലവിലെ പള്ളിയുടെ ശോച്യാവസ്ഥ മനസ്സിലാക്കി ഇതിനൊരു പരിഹാരമുണ്ടാകണമെന്നുള്ള അച്ചൻറെ ധിർഘവീക്ഷണവും നൃഢനിശ്ചയവും സർവ്വോപരി ദൈവാശ്രയത്തിലുള്ള അചഞ്ചലമായ വിശ്വാസവും ഇടവക ഒന്നായി അച്ചന്റെ കൂടെ നിൽക്കുകയും ചെയ്‌തപ്പോൾ വേനപ്പാറക്കാരുടെ ചിരകാലാഭിലാഷമായിരുന്ന പുതിയ ദേവാലയം യാഥാർത്ഥ്യമാവുകയും ചെയ്‌തു. അതോടൊപ്പം തന്നെ പള്ളിമുറിയുടെ പണിയും പൂർത്തിയാക്കുകയും ചെയ്‌തു. 15-08-2012 ന് തറക്കല്ലിട്ട പള്ളിയുടെ നിർമ്മാണം മൂന്ന് വർഷത്തിനകം പൂർത്തീകരിക്കുകയും 22.04.2015 ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കൂദാശാകർമ്മം നടത്തുകയും ചെയ്‌തു. മലയിൽ കുരിശു പള്ളിയുടെ നവീകരണം, വേനപ്പാറ ടൗണിൽ സെ. തോമസ് കുരിശു പള്ളി, പള്ളിമുറ്റത്തെ പിയാത്ത എന്നിവയെല്ലാം അച്ചൻ്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമായി. 2017 ൽ അച്ചന്റെ പൗരോഹിത്വത്തിൻ്റെ സുവർണ്ണ ജൂബിലി സമുചിതമായി കൊണ്ടാടുകയും ചെയ്തു‌.7 വർഷത്തെ സ്‌തുത്യർഹമായ സേവനത്തിനു ശേഷം 2017 ൽ വിശ്രമ ജീവിതത്തിനായി ഈരുട് ,വിയാനി പ്രിസ്റ്റ് ഹോമിലേക്ക് പോവുകയും ചെയ്തു.

പിന്നീട് വികാരിയായി നിയമിതനായ ,ഫാ. ജോൺസൺ പാഴുക്കുന്നേൽ അച്ചൻ സേവനകാലത്താണ് ,പള്ളി നിർമ്മാണത്തിനായി എടുത്ത, ലോണിന്റെ സിംഹഭാഗവും അടച്ചു തീർത്തത്. ചിലവുകൾ പരമാവധി നിയന്ത്രിച്ചും തികഞ്ഞ സാമ്പത്തിക അച്ചടക്കം പാലിച്ചുമാണ് ഇതു സാധ്യമായത്. അച്ചന്റെ ശ്രമഫലമായി യു.പി സ്‌കൂളിന് മനോഹരമായ രണ്ടു നില കെട്ടിടം നിർമ്മിക്കാനും കഴിഞ്ഞു. അദ്ധ്യാത്മിക കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തിയിരുന്ന അച്ചൻ, ഒരു ധ്യാന ഗുരു കൂടിയായിരുന്നു. അച്ചൻ കുടുംബ യൂണിറ്റുകളുടെ പ്രവർത്തനം സജീവമാക്കുന്നതിന് ഏറെ ശ്രമം നടത്തിയിരുന്നു.

2020 ൽ നിയമിതനായ ഫാ സൈമൺ കിഴക്കെകുന്നേലാണ് വികാരിയായി നിയമിതനായി . പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട് ബാക്കിയുണ്ടായിരുന്ന കടങ്ങൾ അടച്ചു തീർക്കുന്നതിനാണ് അച്ചൻ മുൻഗണന നൽകിയത്. ഈ ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കും ഉയർച്ചയ്ക്കും വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന അച്ചൻ മലയിൽ കുരിശു പള്ളിക്ക് കോമ്പൗണ്ടുവാൾ, ടോയിലറ്റ് സൗകര്യം പള്ളിയുടെ മുമ്പിലെ തിരുക്കുടുംബ ഗ്രോട്ടോ, പള്ളിക്കു കോമ്പൗണ്ടു വാൾ ,പള്ളി മുറ്റം ഭാഗികമായി ഇന്റർലോക്ക് ചെയ്യൽ, സെമിത്തേരി ഇൻ്റർലോക്കിങ് ,പള്ളിയുടെ മുമ്പിലെ നടകൾ പുനക്രമീകരിക്കൽ ,പള്ളിയുടെ മുമ്പിലെ സഥലം തട്ടുകളാക്കൽ എന്നിവയും യാഥാർത്ഥ്യമാക്കി.കൂടാതെ യു.പി സ്‌കൂളിൻറെയും ഹൈസ്‌കൂളിന്റെയും ഹയർസെക്കണ്ടറിയുടെയും നവീകരണ പ്രവർത്തികൾ ഹയർസെക്കണ്ടറിക്കായി ഒരു ഓഡിറ്റോറിയം എന്നിവയും യാഥാർത്ഥമാക്കി .തികഞ്ഞ ഒരു കർഷകൻ കൂടിയായ അച്ചൻ പള്ളിയുടെ സ്ഥലത്ത് കപ്പ, ഇഞ്ചി, മഞ്ഞൾ കാച്ചിൽ എന്നിവ കൃഷി ചെയ്‌തും പള്ളി മുറ്റത്തിനു ചുറ്റും കവുങ്ങ് വെച്ച് പിടിപിച്ചും കാർഷിക മേഖലയ്ക്ക് പുത്തനുണർവേകി ഇടവകയിലെ പാവങ്ങളെ സഹായിക്കാനായി തിരുക്കുടുംബ സഹായനിധി ആരംഭിച്ചു. ഭക്ത സംഘട നകളുടെ പ്രവർത്തനം സജീവമാക്കി.2024 മെയ് മാസം അച്ചൻ പാറോപ്പടി ഫൊറോനാ വികാരിയായി സ്ഥലം മാറി പോയി.തുടർന്ന് ഫാ സ്കറിയ മങ്ങരയിൽ വികാരിയായി നിയമിതനാവുകയും വളരെ സ്തുത്യർഹമായ രീതിയിൽ ഇടവക ഭരണം നിർവഹിക്കുകയും ചെയ്തു വരുന്നു.

ഇടവകയിലെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ പ്രവർത്തനങ്ങളിലും ഈ ഇടവകയിലെ മൂന്നു മഠങ്ങളിലേയും സിസ്റ്റേഴ്‌സ് വളരെ സജീവമായി പ്രവർത്തിക്കുന്നതോടൊപ്പം, കുടുംബ യൂണിറ്റു പ്രാർത്ഥനകളിൽ നേതൃത്വം വഹിക്കുകയും ,ഇടവക സന്ദർശനം നടത്തുകയും ചെയ്യുന്നു. ഇടവകയിൽ വിൻസന്റ്റ് ഡി പോൾ, മാതൃവേദി, കെ.സി.വൈ.എം, എ.കെ.സി.സി, മിഷൻ ലീഗ്, അൾത്താര സംഘം എന്നിവയെല്ലാം മാതൃകാപരമായി പ്രവർത്തിച്ചു വരുന്നു. 2023 ലെ മികച്ച പ്രവർത്തനത്തിന് മാത്യവേദി രൂപതയിൽ രണ്ടാം സ്ഥാനത്തിന് അർഹമാവുകയും ചെയ്‌തു. ഇടവകയിൽ പ്രവർത്തിക്കുന്ന സൺഡെ സ്‌കൂൾ മികച്ച നിലവാരം പുലർത്തുന്നതോടൊപ്പം താമരശ്ശേരി രൂപതയിലെ തന്നെ, മികച്ച സൺഡെ സ്‌കൂളായി പ്രവർത്തിച്ചുവരുന്നു.

ഇനിയും ധാരാളം പ്രവർത്തനങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. അച്ചന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തിൻ്റെ ആദ്ധ്യാത്മികവും ഭൗതികവുമായ വളർച്ചയ്ക്കു വേണ്ടി ഇടവകാംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചുവരുന്നു.